മായാലോകം
മായാലോകം
നാരായണക്കിളി
നാടുവിട്ടോ?
നാട്ടിലെ കോട്ടകൾ പോയ്മറഞ്ഞോ?
നാരകം താനെ
ചിതലരിച്ചോ?
നീലാംബരി ദൂരെ
തേങ്ങുകയോ?
കണ്ടവർ കണ്ടവർ
കണ്ണുപൊത്തും വിധം
കാലം കടും
കാടതയാർന്നിടുന്നു,
കേട്ടവർ കേട്ടവർ
കേൾവിപോക്കും വിധം
കൂവിപ്പൊളിച്ചതാ
കാലം ഓടി.
ചഞ്ചലാക്ഷിക്കിതാ
ചാഞ്ചല്യമേറുന്നു
ചക്കി-ചങ്കരന്മാർ
വേർപിരിഞ്ഞു,
ചേലയിൽ പൂമണം
ഏൽക്കാതെയാകുന്നു
ചക്കയും ചുക്കും
ഒന്നാകുന്നു.
സിംഹങ്ങൾ പൂച്ചയായ്
കേഴുന്നതു കണ്ട്
സംസ്കാരം തെല്ലൊന്ന്
മാറിനിന്നു,
സംസ്‌കൃതി ആഴ്ചയിൽ
ഒന്നായ് ചുരുങ്ങുന്നു
സാരാംശം എന്നത്
ദു:സ്വപ്നമായ്.
മച്ചിൻ പുരയില്ല,
മാമ്പൂ വിരിഞ്ഞില്ല
മന്ത്രാലയങ്ങളിൽ
മന്ത്രിയില്ല,
മര്യാദ മര്യാദ
വിട്ടു പുലമ്പുന്നു
മായയാൽ സർവ്വതും
മറച്ചീടുന്നു.
വാചാലനാകാതെ
വാഗ്മിയായീടണം
വേണ്ടുംവിധം വേല ചെയ്‌തീടണം,
വാക്കുകൾ നന്മ
നിറഞ്ഞതായീടണം
വിഡ്ഢിവേഷങ്ങൾ ഒഴിവാക്കണം.
അഞ്ജലി എം



Comments
Post a Comment