എന്റെ അച്ഛൻ പാവാ...

 എന്റെ അച്ഛൻ പാവാ...



ടിക് ടിക്, ടിക് ടിക്, ടിക് ടിക്... ആരോ അരികിൽ നിന്നും നടന്നകന്ന് പോകുന്ന ഷൂവിന്റെ ഒച്ച കേട്ട് അവൾ നക്ഷത്ര കണ്ണ് വലിച്ചു തുറന്നു....
"ഹോ എന്ത് ഇരുട്ടാ ഇവിടെ... ആകെ ഒരു കുളിര്..."

"ഇതെന്തൊരു തണുപ്പാ. ഞാൻ ഇതെവിടെയാണ്? അല്ല, എന്റെ അച്ഛൻ എവിടെ..? കാണുന്നില്ലല്ലോ."

അവൾ ചുറ്റും നോക്കി. ചുറ്റും ഐസ് മാത്രം.

"ഞാൻ  എങ്ങനെയാ ഇവിടെ വന്നേ.."

അവൾ ഓർക്കാൻ ശ്രമിച്ചു..

"ഓ, എന്റെ തലയ്ക്കു പിന്നിൽ എന്തോ വന്നിടിച്ചതാ.. അതോ
എനിക്ക് തലയിൽ അടി കിട്ടിയോ..ഞാൻ താഴെ വീണത് ഓർക്കുന്നുണ്ട്.  എന്നാലും ആരാ എന്നെ അടിച്ചേ? ഇനി അച്ഛൻ ആകുമോ? ഹേയ്.. എന്റെ അച്ഛൻ പാവാ.. എനിക്ക് അച്ഛനെ ഒത്തിരി ഇഷ്ട്ടാ... അല്ല, അച്ഛൻ ആണല്ലോ!....അച്ഛൻ എന്നെ എന്തിനാ അടിച്ചേ? ഞാൻ വികൃതി ഒന്നും കാട്ടിയില്ലല്ലോ... എനിക്ക് വല്ലാതെ തണുക്കുന്നല്ലോ. ഇവിടെ ആരെങ്കിലും ഉണ്ടോ? എന്നെ ഒന്ന് പുറത്തിറക്കുമോ?"

അവളുടെ ഉള്ളിൽ ചോദ്യങ്ങൾ തികട്ടി വന്നു. അവൾ ആരെയൊക്കെയോ വിളിച്ചു. ആരും വന്നില്ല. അവളെ ആരും കേട്ടില്ല.

ഏതെല്ലാമോ കൈകൾ അവളെ എടുത്തു ആംബുലൻസിൽ കൊണ്ടുപോയി കിടത്തി.

"ഇതെന്തിനാ ഈ ആശുപത്രി വണ്ടി. മോൾക് ഈ വണ്ടി പേടിയാ.. അച്ഛാ.. അച്ഛാ.."

ആ വിളി ആരും കേട്ടില്ല. വണ്ടി അവളുടെ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് അതേ കൈകൾ അവളെ ഉമ്മറത്തു കിടത്തി. ചുറ്റും സാമ്പ്രാണിയുടെ ഗന്ധം.

"ഇതെന്താ എന്റെ വീട്ടിൽ ഇത്രയും ആൾക്കൂട്ടം. എന്താണ് സംഭവം."

അവൾ അച്ഛനെ തിരയുകയായിരുന്നു. പക്ഷേ അവിടെയെങ്ങും കണ്ടില്ല. അവൾക്ക് പേടിയായി...

"അടുത്ത വീട്ടിലെ ചേച്ചിയെന്തിനാ എന്നെ നോക്കി കരയണേ.. ഹായ് ദേ എന്റെ ഡാൻസ് ടീച്ചർ.. കൂട്ടുകാർ ആരും എന്താ എന്റെ അടുത്തേക്ക് വരാത്തെ..."

അവൾക്കു കരച്ചിൽ വരുന്നുണ്ട്.. തന്റെ തലക്കൽ വച്ചിരുന്ന, അച്ഛൻ വാങ്ങി കൊടുത്തവയൊക്കെ, അപ്പോഴാണ് അവൾ  കണ്ടത്.

"ഹായ്, എന്റെ പുതിയ ബാഗും കുടയും. നാളെ ഞാൻ പുത്തൻ ബാഗുമായി സ്കൂളിൽ പോകുമല്ലോ..." കണ്ണ് തുടച്ചവൾ ചിരിച്ചു.

അവൾ അറിയുന്നില്ല ആ വിവരം, ആ സത്യം.

അവൾ ആരോടൊക്കെയോ 'എന്റെ അച്ഛനെ കണ്ടോ' എന്ന് ചോദിച്ചു. പക്ഷെ ആരും അവളെ കേട്ടില്ല. ആരും ഒന്നും പറഞ്ഞുമില്ല... 'ഒരു പാവമായിരുന്നു  ഈ കുട്ടി.. എപ്പോഴും ചിരിക്കുന്ന ഒരു പാവം.' ആരോ പറയണത് കേട്ടു. അവൾ പേടിച്ചു . 'എനിക്കെന്താ പറ്റിയത്' എന്ന് അവൾ ഉറക്കെ ചോദിച്ചു.

"ഇതെന്താ ആരും ഒന്നും പറയാത്തെ."

അവൾക്ക് തല കറങ്ങുന്നതുപോലെ തോന്നി. അവൾ ഒരു മയക്കത്തിലേക്ക് വഴുതി വീണു.

കുറച്ച് കഴിഞ്ഞ് അവൾ കണ്ണുകൾ പതിയെ തുറന്നു. ഏതോ ഒരു വിജനമായ സ്ഥലമായിരുന്നു അത്. പട്ടുമെത്ത പോലേ...ചുറ്റിലും വെള്ളി മേഘങ്ങൾ... ആ മേഘങ്ങൾക്കിടയിൽ അവൾ ആരെയെല്ലാമോ തിരഞ്ഞു നടന്നു.

"മോളേ..."

അവൾ തിരിഞ്ഞു നോക്കി. അതവൾ പ്രതീക്ഷിക്കാത്ത ഒരു മുഖമായിരുന്നു. അവൾ കരഞ്ഞു. അത് ആനന്ദത്തിന്റെ കണ്ണുനീരായിരുന്നു. അവൾ മോചിതയായി. വേദനയുടെ ദിവസങ്ങൾ ഇനിയില്ല. ഒരു നിമിഷം അവർ മൗനമായി നോക്കിനിന്നു, ശേഷം അവൾ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു.

"മോളേ... അമ്മയുടെ വാവേ... എന്റെ മോൾക്ക് എന്താ പറ്റിയെ. മോളെന്തിനാ അലറി കരഞ്ഞേ ചക്കരെ...? മോളെങ്ങനെയാ ഇവിടെ എത്തിയത്?"

അവളുടെ മുടി തലോടി അവർ കൊഞ്ചി ചോദിച്ചു.

അതവളുടെ അമ്മയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് അവളുടെ അമ്മ ഇവിടെ എത്തിയതാണ്. സ്നേഹത്തിന്റെ, കരുതലിന്റെ, സമാധാനത്തിന്റെ ലോകത്തേക്ക്. മകളെ ആ നരകത്തിൽ ഉപേക്ഷിച്ച്. എന്നാൽ, അമ്മ മകളെ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല, ഇത്ര നേരത്തെ. അവൾ ജീവിക്കാൻ ആരംഭിച്ചതല്ലേ ഉണ്ടായിരുന്നുള്ളു.

"അമ്മേ, ഞാൻ അമ്മയെ കാണാതെ എന്തുമാത്രം വിഷമിച്ചുവെന്നോ. അമ്മ എന്നെ വിളിക്കാതെ ഒറ്റയ്ക്ക് പോന്നില്ലേ. ഇത് ഏത് സ്ഥലമാ അമ്മേ?"

അവളുടെ ആ ചോദ്യം അമ്മയെ തളർത്തി.

"ആ ദുഷ്ടൻ എന്റെ മകളേയും..."
അമ്മ വിചാരിച്ചു. അമ്മയുടെ ഉള്ള് പിടഞ്ഞു.

"മോളേ, നിനക്ക് എന്താ പറ്റിയെ? അച്ഛൻ മോളേ ഒരുപാട് ഉപദ്രവിച്ചോ?"

"അച്ഛൻ പാവാ അമ്മേ.." അവൾ പറഞ്ഞു. "എനിക്ക് ഐസ്ക്രീം മേടിച്ചു തന്നല്ലോ. ഞാൻ ഐസ്ക്രീം കഴിച്ചുകൊണ്ട് സോഫയിൽ ഇരിക്കുവായിരുന്നു, അപ്പോൾ അമ്മയെ കാണാൻ തോന്നുന്നു എന്ന് അച്ഛനോട് പറഞ്ഞു.  പക്ഷെ അപ്പോൾ അമ്മേ,  അച്ഛൻ എന്നെ കണ്ണുരുട്ടി നോക്കി. മോൾക്ക്‌ പേടിയായി. അച്ഛൻ പെട്ടെന്ന് എണീറ്റു പോയി.. മോള് ആ ഐസ്ക്രീം കഴിച്ച് അവിടെത്തന്നെ ഇരുന്നു. എന്നിട്ട്..."

അവൾ ഒന്ന് വിറച്ചു. എന്നിട്ട് തുടർന്നു.

"പെട്ടെന്ന് അച്ഛൻ കടന്നുവന്നു ... കടന്നു വന്നു ...അച്ഛന്റെ കയ്യിൽ ഒരു വടിയുണ്ടായിരുന്നു. ആ വടികൊണ്ട് എന്റെ തലയിൽ അടിച്ചു. എനിക്ക് ഒരുപാട് വേദനിച്ചു അമ്മേ. ഞാൻ താഴെ വീണു. അച്ഛൻ എന്തിനാ അമ്മേ എന്നെ അടിച്ചേ? അച്ഛനെന്നെ വലിയ ഇഷ്ടമാണെന്നാ ഞാൻ ഓർത്തെ. "

അവൾ അമ്മയെ കെട്ടിപ്പിടിച്ചു.

"ഈശ്വരാ, എന്റെ മകൾ അവൾ മരിച്ചു എന്ന സത്യം അറിഞ്ഞിട്ടില്ല. ആ ദുഷ്ടൻ എന്റെ മകളെ കൊന്നുകളഞ്ഞല്ലോ. ഇനി അവൾക്ക് ജീവിതം ഇല്ലല്ലോ.. എല്ലാം തീർന്നല്ലോ."

ആ അമ്മ പൊട്ടിക്കരഞ്ഞു.
അമ്മ മകളെ ഒക്കത്തെടുത്ത് സ്വർഗ്ഗത്തിലേക്ക് നടന്നകന്നു.

തന്റെ അച്ഛന്റെ ക്രൂരതകൾ അവൾക്ക് മനസ്സിലായില്ല. അവൾ അത്രയും പാവമായിരുന്നു.

"എന്റെ അച്ഛൻ പാവാ..."

അവൾ എപ്പോഴും പറയുമായിരുന്നു. പക്ഷെ...


                            ••••••••••


അഞ്ജലി എം 



Comments

Popular Posts