സ്വപ്ന സഞ്ചാരി




സ്വപ്ന സഞ്ചാരി 


അടുക്കളയിൽ ചില നിഴലനക്കം. അവ്യക്തമായ രൂപങ്ങൾ എന്തെല്ലാമോ പിറുപിറുക്കുന്നത് കേൾക്കാം. ഒരിക്കൽ എന്റേതു മാത്രമായിരുന്ന ഇടം ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നു.


പൊടിപടലങ്ങൾ വകഞ്ഞുമാറ്റി ചിരിക്കാൻ ശ്രമിക്കുകയാണ് അമ്മിക്കല്ല്, അങ്ങേ കോണിൽ മറഞ്ഞിരുന്ന് ഒളിഞ്ഞുനോക്കുന്ന ഉപ്പുഭരണി, അടുപ്പിൻ മുകളിൽ അണയാൻ മറന്നുപോയ മണ്ണെണ്ണവിളക്ക്.... അവയെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. പക്ഷേ, ഇനി ഒന്നും പഴയതു പോലെ ആവില്ല.


മനസ്സ് നീറുന്നതുപോലെ. നടുമുറ്റത്തേക്ക് ഒന്ന് പോയി നോക്കാം. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്, നടുമുറ്റം മണ്ണിട്ട് നികത്തി എന്ന കാര്യം. നടുമുറ്റം ഒരു ഒത്തുചേരൽ കേന്ദ്രമായിരുന്നു. തറവാട്ടിലെ എല്ലാ അംഗങ്ങളും കൊച്ചുവർത്തമാനം പറഞ്ഞിരുന്നിരുന്നത്  അവിടെയാണ്. മുത്തശ്ശിക്കഥകൾ, വീര യോദ്ധാക്കന്മാരുട കഥകൾ, നാമജപം, അങ്ങനെ എല്ലാം കൊണ്ടും സജീവം...


തറവാടിന്റെ തെക്കേ ഭാഗത്ത് ഒരു കുളം ഉണ്ട്. അല്ല, ഉണ്ടായിരുന്നു. അത് ഇപ്പോൾ ഒരു ചതുപ്പാണ്. അവധിക്കാലത്ത് കൂട്ടുകാരുടെ കൂടെ അവിടെ കുളിക്കാൻ നല്ല രസമായിരുന്നു. കുളിയും കളിയും ഒക്കെ കഴിഞ്ഞു വരുമ്പോൾ പറമ്പിലെ തേൻമാവിൽ നിൽക്കുന്ന നല്ല പഴുത്ത മാമ്പഴം എറിഞ്ഞു വീഴ്ത്തി അതും നുണഞ്ഞു വരുമ്പോൾ അമ്മ പറയും,


"ശോ... ഈ പിള്ളേരെക്കൊണ്ട് തോറ്റു. കണ്ടില്ലേ മാങ്ങാ ചപ്പിക്കൊണ്ട് വരുന്നേ. മേല് മുഴുവൻ മാങ്ങയാ. പോയ്‌ ഒന്നൂടെ കുളിച്ചിട്ട് വാ... ചെല്ല്..."


കുളത്തിൽ ചാടാൻ ഒരു അവസരവും കൂടി കിട്ടിയ സന്തോഷത്തിന് അതിരില്ല. ഒരിക്കൽകൂടി ആ കാലം തിരികെ വന്നിരുന്നെങ്കിൽ...


"അമ്മേ..."


അമ്മു എന്നെ വിളിക്കുന്നുണ്ട്. എന്റെ മകളാണ്. അവൾ പട്ടണത്തിലെ വലിയ ഉദ്യോഗസ്ഥയാണ്. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. എന്നെ വലിയ ഇഷ്ടമാ എന്റെ പൊന്നുമോൾക്ക്.


"അമ്മേ, ഞാൻ എല്ലാം പാക്ക് ചെയ്തു. വണ്ടി ഇപ്പോൾ വരും. അമ്മ റെഡി അല്ലേ?"


"ഉം"


ഞാൻ ഒന്ന് മൂളിയതെ ഉള്ളൂ. അവൾക്ക് ജോലി തിരക്കുള്ളതിനാൽ എപ്പോഴും എന്നെ നോക്കാൻ വരാൻ ബുദ്ധിമുട്ടാണെന്ന്. അതുകൊണ്ട് എന്നെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ്. എന്നെപ്പോലെ ഒരുപാട് പേർ അവിടെ ഉണ്ടെന്ന്. അവിടെ ഞങ്ങളെ പരിപാലിക്കാൻ ഒരുപാട് പേർ ഉണ്ടത്രേ. മക്കളുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.


അല്പസമയത്തിനുള്ളിൽ വണ്ടി വന്നു. ഒരു ചുവന്ന മാരുതി കാർ ആണ്. ഞങ്ങൾ സാധനങ്ങളെല്ലാം കാറിൽ കയറ്റി യാത്ര തിരിച്ചു.


ഒരു നീണ്ട യാത്ര ആയിരുന്നു അത്. സമയം പോകാൻ പുറത്തേക്ക് നോക്കി ഞാൻ ഇരുന്നു. അപ്പോഴാണ് ഡ്രൈവർ ആ ഗാനം ഇട്ടത്,


 "നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്... അതിൽ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്..."


"അമ്മേ... അമ്മേ... ഇതെന്തൊരു ഉറക്കമാണിത്.. ഞാൻ എത്ര തവണ വിളിച്ചു.."


"ആ മോളോ.... അപ്പോ അത് സ്വപ്നമായിരുന്നോ?"


"എന്ത്... അമ്മ എന്താ സ്വപ്നം കണ്ടേ?"


"ഏയ്... ഒന്നുമില്ല മോളേ.... ഒന്നുമില്ല.."


"അമ്മ വരൂ... ഞാൻ ചായ എടുക്കാം."


"ഉം"


ദൈവമേ... ആ സ്വപ്നം... അതൊരു സൂചനയാണോ?



                                      - അഞ്ജലി എം 


 







Comments

Popular Posts