ആവഹം
ആവഹം
മൂകമായ് മൗനമായി ഉമ്മറത്തിണ്ണമേൽ
മഞ്ഞിൻ കുളിർമ്മയിൽ ഞാനിരിപ്പൂ,
മാനസകോവിലാം എൻ ചെറുഹൃത്തിലെ
മാടിവിളിക്കുന്ന ഓർമ്മയുമായ്.
ബാല്യമേ പുഞ്ചിരി നിറയ്ക്കും തരാളമാം
ബാക്കിയായുള്ളോരെൻ യൗവ്വനമേ,
ബന്ധനമെന്നയദിഷ്ടിതമായൊരാ
ബന്ധുരേ നിൻ നിഴൽച്ചിപ്പികളേ.
പാതവക്കത്തെ തണൽമരച്ചോട്ടിലെ
പുഞ്ചിരി നിറയ്ക്കുമാ പുഷ്പങ്ങളേ,
പണ്ടൊരാക്കാലത്തെ മായാത്തചിത്രമായ്
പാരിൽ വിളങ്ങിടും പൂമ്പാറ്റയായ്.
രാത്രിതൻ പത്തികൾ മൂടുമാ സന്ധ്യയിൽ
രാവേറെയായതുമറിഞ്ഞീലയോ,
രണഭൂവിലുള്ളോരാ യോദ്ധാവിനെപ്പോലെ
രംഗമെന്നോർക്ക നാം ജീവിതത്തെ.
- അഞ്ജലി എം



Comments
Post a Comment