ഓണച്ചന്തം
ഓണച്ചന്തം
ഓണപ്പുലരിയിൽ പൂത്തുമ്പിയേക്കണ്ട്
പുഞ്ചിരിച്ചീടുന്നു വെൺ തുമ്പകൾ,
തഞ്ചത്തിൽ നിന്നങ്ങൊളിഞ്ഞു നോക്കുന്നതാ
മഞ്ഞപ്പട്ടുചുറ്റി മുക്കുറ്റിയും.
ചെഞ്ചാറുപൂശി തുടുത്തു നിൽക്കുന്നതാ
ചന്തമെഴും നൽപൂ ചെമ്പരത്തി,
സൂചിമുന പോലെ പൂവിട്ടു നിൽക്കുന്നു
വാടാമല്ലി തൻ തൻ സ്ഥാനങ്ങളിൽ.
തെച്ചിയും മല്ലിയും താളത്തിലാടുന്നു
കൂടെയാടുന്നതാ കോളാമ്പിയും,
പിച്ചി- ജമന്തികൾ പരിഹസിച്ചെന്ന് ചൊന്നൊ-
ട്ടങ്ങു കോപത്തിൽ മുല്ല നിൽപൂ.
പനിനീർ ദളങ്ങളിൽ മഞ്ഞുതുള്ളികണ്ട്
നാണിച്ചു നിൽക്കുന്നു നന്ത്യാർവട്ടം,
തുളസിക്കതിർ മെല്ലെ തൊട്ടു തഴുകുന്നു
പൂമണം പേറുന്ന മാരുതനും.
എങ്ങും വസന്തമായ്, എങ്ങും സുഗന്ധമായ്
പുലരിതൻ നെറുകയിൽ ഓണമെത്തീ,
പൊന്നിൻ ചിങ്ങത്തിലെ ഒരോ തളിരിലും
താനെ ധ്വനിക്കുന്നു പൂപ്പൊലികൾ.
കാലവർഷത്തിന്റെ കാഹളം നീങ്ങവേ
ബാക്കിയായുള്ളരാ പൂക്കൾ ഞങ്ങൾ,
എത്ര തളർന്നാലും വീണ്ടും കുതിയ്ക്ക നീ
പൂപോൽ പരിമളമേകൂ എങ്ങും.
-അഞ്ജലി എം



Comments
Post a Comment